അനുഗ്രഹിച്ചാൽ അനുഗ്രഹിക്കപ്പെടുമോ?

അനുഗ്രഹിച്ചാൽ അനുഗ്രഹിക്കപ്പെടുമോ?
"നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ" (Num. 24:9).
അനുഗ്രഹം പ്രസംഗിക്കുന്ന എല്ലാ മീറ്റിംഗുകളിലും സ്ഥിരസാന്നിദ്ധ്യമാണദ്ദേഹം....
പല പ്രാവശ്യം അദ്ദേഹത്തെ ശ്രദ്ധിച്ച ഒരാൾ ചോദിച്ചു: "നിങ്ങളുടെ മാതൃസഭയേതാണ്..?"
"അങ്ങനെയൊന്നുമില്ല. ഏറ്റവും കൂടുതൽ അനുഗ്രഹം പറയുന്നിടത്ത് അംഗത്വം എടുക്കാമെന്നാണ് ചിന്തിക്കുന്നത്..."
അനുഗ്രഹിക്കപ്പെടാൻ അത്തരം ദൂതുകൾ ആവർത്തിച്ച് കേട്ടാൽ മതി, വചനത്തിൻ്റെ പ്രമാണങ്ങൾ അനുസരിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്ത ആത്മീയ ഗോളത്തിൽ പ്രബലമാകുന്നുണ്ട്...
അനുഗ്രഹിക്കുവാനും പേര് പ്രശസ്തമാക്കുവാനും ദൈവം തെരഞ്ഞെടുത്ത അബ്രഹാമിനോട് അവിടുന്ന് അരുളിച്ചെയ്ത വചനം നമുക്ക് സുപരിചിതമാണ്. "നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും"(ഉല്പ.12:3). സ്വന്തമായതെല്ലാം വിട്ട് ദൈവം കാണിക്കാനിരിക്കുന്ന ദേശത്തേക്ക് പരദേശ പ്രയാണം ചെയ്യുന്ന ഒരുവന് ദൈവം നൽകുന്ന സംരക്ഷണ കവചമാണ് ഈ വാക്യം. ദൈവങ്ങളുടെ പേർ ചൊല്ലി ശാപവാക്കുകൾ ആവർത്തിച്ചുകൊണ്ട് ആഭിചാരം ചെയ്യുന്ന ജനങ്ങൾക്കിടയിൽ വസിക്കുമ്പോൾ ആര് അബ്രഹാമിനെ ശപിച്ചാലും ആ ശാപം അവരിലേക്കു തന്നെ ആവസിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത. അപ്പോൾ അനുഗ്രഹവും അവരിലേക്കു തന്നെ പോകില്ലേ എന്ന ചോദ്യമുയരാം. അബ്രഹാമിൽ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ട്. അതുതന്നെ 'ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും' ഉപരിയാണ്. പിന്നെന്തിനാണ് മറ്റുള്ളവരുടെ അനുഗ്രഹം...?
പുതിയ നിയമത്തിലുമുണ്ട് അനുഗ്രഹത്തെ ഓർമ്മിപ്പിക്കുന്ന വാക്യങ്ങൾ."നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ" (1 പത്രോ. 3:9). ഇവിടെ ഒരു സംരക്ഷണം എന്നതിനെക്കാൾ ദൈവജനത്തിൻ്റെ മറ്റുള്ളവരോടുള്ള മനോഭാവം എങ്ങനെയായിരിക്കണം എന്നാണ് വിവക്ഷിക്കുന്നത്. ബാഹ്യമായ ഏതു നന്മയെക്കാൾ ആന്തരിക വിശുദ്ധിക്കും ദൈവസമാനമായ മനോഭാവത്തിനുമാണ് പുതിയനിയമം ഊന്നൽ നൽകുന്നത്.
ഇനി നമുക്ക് ഇന്നത്തെ വാക്യത്തിലേക്ക് വരാം...
യിസ്രായേൽ ജനത്തെ നോക്കി അവരെ അനുഗ്രഹിച്ചു കൊണ്ട് ബിലെയാം പറഞ്ഞ വാക്കുകളാണിവ. പല സ്ഥലങ്ങളിൽ നിന്നും യിസ്രയേലിനെ അനുഗ്രഹിക്കുക മാത്രമാണവൻ ചെയ്തത്. എന്നിട്ട് ബിലെയാം അനുഗ്രഹിക്കപ്പെട്ടോ....? മിദ്യാന്യരുമായുള്ള യിസ്രായേലിൻ്റെ യുദ്ധത്തിൽ ബിലെയാമും കൊല്ലപ്പെടുകയാണുണ്ടായത്( സംഖ്യ.31:8).
▪️ ആരാണ് ബിലെയാം ?
ബിലെയാം ഒരു ജാതീയ പ്രവാചകനാണ്. അല്ലെങ്കിൽ പ്രശ്‌നം നോക്കുന്നവനാണ്. യഹോവയായ ദൈവം ബിലെയാമിന് പല ദൈവങ്ങളിൽ ഒരു ദൈവം മാത്രമാണ്. പിന്നെന്തുകൊണ്ടാണ് ദൈവം ബിലെയാമിനോട് സംസാരിച്ചത് എന്നു ചോദിച്ചാൽ ഈ സംഭവത്തിൽ നിന്നും യിസ്രായേലിനോടും ദൈവജനത്തോടും പല കാര്യങ്ങൾ സംസാരിക്കാൻ ദൈവത്തിനുണ്ട് എന്നാണ് മറുപടി.
▪️ ബിലെയാമിൻ്റെ സ്വഭാവം
പ്രശ്‌ന ദക്ഷിണയുമായാണ് മൊവാബ്- മിദ്യാന്യ മൂപ്പൻമാർ ബിലെയാമിൻ്റെ അടുക്കൽ ആദ്യം വരുന്നത് (22:7). ഇങ്ങനെ കാര്യസാദ്ധ്യത്തിനായി വരുന്നവർ നൽകുന്ന സാധാരണ കൂലിയാണത്.
എന്നാൽ കൂടെപ്പോകാൻ കൂട്ടാക്കാതിരുന്ന ബിലെയാമിൻ്റെ അടുക്കൽ രണ്ടാമത് വരുന്ന പ്രഭുക്കന്മാർ 'രാജാവ് നിന്നെ ഏറ്റവും ബഹുമാനിക്കും' എന്ന മോഹന വാഗ്ദാനം നൽകുന്നു. 'ഗൃഹം നിറച്ച് പൊന്നും വെള്ളിയും തന്നാലും മാറില്ല' എന്നൊക്കെ മേനി പറഞ്ഞെങ്കിലും ബിലെയാമിൻ്റെ ലക്ഷ്യം 'അനീതിയുടെ കൂലി' (2 പത്രോ.2:16) തന്നെയായിരുന്നു.
▪️ എന്തുകൊണ്ട് ദൈവം പോകരുത് എന്ന് കർശനമായി പറഞ്ഞില്ല?
1.'അവരോടു കൂടെ പോകരുത്. ആ ജനത്തെ ശപിക്കയും അരുത്' എന്ന കർശനമായ മറുപടി ദൈവം ആദ്യം തന്നെ പറഞ്ഞതാണ് (22:12).
2.പക്ഷേ കൂടുതൽ സമ്മാനം കിട്ടുമെന്ന് വന്നപ്പോൾ ദൈവത്തോട് വീണ്ടും ചോദിക്കുകയും ദൈവം അനുവദിക്കുകയുമായിരുന്നു.
3.വാളുമായി നിന്ന ദൂതനും, സംസാരിച്ച കഴുതയും ദൈവത്തിൻ്റെ അനിഷ്ടം സ്പഷ്ടമാക്കി. 1,85,000 പേരെ ഒറ്റയടിക്ക് കൊല്ലുന്ന ദൂതന് വളരെ ലാഘവത്തോടെ അവനെ കൊല്ലാമായിരുന്നു എങ്കിലും ചിലകാര്യങ്ങൾ ബോധ്യപ്പെടുത്താൻ വേണ്ടി തന്നെയാണ് ഇത്തരം ഇടപെടലുകൾ നടത്തിയത്. എന്നിട്ടും ബിലെയാം യാത്ര തുടർന്നു...
🔹 പാഠങ്ങൾ
▪️ ദൈവം വ്യക്തമായി സംസാരിച്ചിട്ടും അതിനെ മറുതലിച്ചു പോകുന്ന ഒരു വ്യക്തിയിലും ദൈവീക അനുഗ്രഹങ്ങൾ ഉണ്ടാകില്ല...!
▪️ ദ്രവ്യാഗ്രഹം മൂലം ദൈവഹിത വിരുദ്ധ കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്ന അതിശ്രേഷ്ഠന്മാർക്ക് ഒരു മുന്നറിയിപ്പാണ് ബിലെയാം...!!
▪️ എത്ര ശക്തരായവർ ശപിച്ചാലും ആഭിചാരം ചെയ്താലും 'തനിച്ചു പാർക്കുന്ന' ദൈവജനത്തിന് അത് ദോഷമാകില്ല...!!!
പ്രിയമുള്ളവരേ
വാഗ്ദത്തം നൽകി വിളിച്ചിറക്കിയ ദൈവം വിശ്വസ്തനാണ്. അവിടുന്ന് പ്രസാദത്തോടെ നൽകുന്ന അനുഗ്രഹമാണ് ഇഹലോകത്തിലും പരലോകത്തിലും പ്രയോജനമാകുന്നത്.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.




Comments