ആമേൻ അനുഗ്രഹങ്ങൾ ആത്മീയ അനുഗ്രഹങ്ങൾ

ആമേൻ അനുഗ്രഹങ്ങൾ
ആത്മീയ അനുഗ്രഹങ്ങൾ
"യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ" (യിരെ. 17:7).
രണ്ട് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് പോകുകയായിരുന്നു. ഒരാൾ പറഞ്ഞു:
“ഇന്നത്തെ പരീക്ഷയിൽ ഞാൻ ജയിക്കും! ഉറപ്പാണ്!!”
കൂട്ടുകാരൻ ചോദിച്ചു:
“നീ പഠിച്ചിട്ടുണ്ടോ?”
“ഇല്ല.”
“പരീക്ഷ എഴുതാൻ തയ്യാറെടുത്തിട്ടുണ്ടോ?”
“ഇല്ല.”
“എങ്കിൽ എങ്ങനെയാണ് ജയിക്കുക?”
അവൻ പറഞ്ഞു: "ഇന്ന് നിൻ്റെ ജയത്തിൻ്റെ ദിവസമാണ്. വിശ്വസിച്ചുകൊണ്ട് ആമേൻ പറഞ്ഞാട്ടെ" എന്ന് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടു.
ഞാൻ വിശ്വാസത്തോടെ ആമേൻ പറഞ്ഞിട്ടുണ്ട്...!”
ഇന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി കാണുന്ന ഇത്തരം സന്ദേശങ്ങൾ ക്രിസ്തീയ വിശ്വാസത്തിന്റെ കാഴ്ചപ്പാടിൽ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. കാരണം, കർണ്ണരസവും സന്തോഷകരവുമാണെങ്കിലും അവയിൽ പലതും ബൈബിൾ അടിസ്ഥാനമില്ലാത്ത മിഥ്യാധാരണകളാണ്.
ഇത്തരം മാനുഷീക സന്ദേശങ്ങൾ ബൈബിൾ വാഗ്ദത്തങ്ങളായി അവതരിപ്പിക്കുന്നത് ശരിയല്ല.
🔹ദൈവീക അനുഗ്രഹം ദൈവമക്കൾക്കാണ്.
ബൈബിളിൽ വ്യക്തികൾക്കും, ദൈവജനത്തിനും നൽകുന്ന അനുഗ്രഹങ്ങൾ സുലഭമാണ്. പക്ഷേ, അത് ദൈവ വചനത്തെ വിശ്വസിക്കുകയും പ്രമാണിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ്.
ശ്രോതാക്കൾ എല്ലാവരും, എങ്ങനെ ജീവിച്ചാലും അനുഗ്രഹിക്കപ്പെടുമെന്ന വാഗ്ദത്തം ദൈവം നൽകുന്നില്ല. സോഷ്യൽ മീഡിയയിൽ അനുഗ്രഹം ഫ്രീയായി നൽകുന്നവർക്ക് വിശാലമനസ്സാണ്. ആർക്കും 'ആമേൻ' പറഞ്ഞ് ഏറ്റെടുക്കാം.
🔹ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ സോപാധികമാണ്.
ദൈവവചനത്തോടും ദൈവീക ഉടമ്പടിയോടുമുള്ള ബന്ധത്തിലാണ് ദൈവീക അനുഗ്രഹങ്ങൾ നൽകപ്പെടുന്നത്. ഇക്കാര്യം വളരെ വിശദമായി ആവർത്തനം 28 - ൽ നൽകിയിട്ടുണ്ട്. പ്രസ്തുത അദ്ധ്യായത്തിൽ അനുഗ്രഹം മാത്രമല്ല, ദൈവകല്പനകളെ അനുസരിക്കാതിരുന്നാൽ വരാൻ സാധ്യതയുള്ള ശാപത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു.
🔹ദൈവത്തിന്റെ അനുഗ്രഹത്തിന് സമയപരിധി നിശ്ചയിക്കാനാവില്ല.
"ഇന്ന് 12 മണിക്ക് മുമ്പ് അനുഗ്രഹം വരും" എന്ന് ആർക്കാണ് ഉറപ്പിച്ചു പറയാൻ കഴിയുന്നത്?
ദൈവം തന്റെ അനുഗ്രഹം നൽകുന്നത് മനുഷ്യൻ നിശ്ചയിക്കുന്ന സമയപരിധിക്കനുസരിച്ചല്ല.
"തക്കസമയത്ത് നിങ്ങളെ ഉയർത്തേണ്ടതിന് അവന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ" (1 പത്രൊസ് 5:6). എന്നാണ് വചനം പറയുന്നത്.
ദൈവത്തിന് സമയപരിധി നിശ്ചയിക്കുകയല്ല,
ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുകയാണ് വിശ്വാസം.
ദൈവം നമ്മുടെ മൊബൈലിലെ ക്ലോക്ക് നോക്കിയല്ല അനുഗ്രഹം നൽകുന്നത്!
🔹'ആമേൻ' പറഞ്ഞാൽ അനുഗ്രഹം ലഭിക്കുമെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല.
ആമേൻ എന്ന വാക്കിന്റെ അർത്ഥം അംഗീകരിക്കുന്നു, അങ്ങനെതന്നെ സംഭവിക്കട്ടെ എന്നൊക്കെയാണ്.
എന്നാൽ എവിടെയെങ്കിലും കാണുന്ന സന്ദേശത്തിന് 'ആമേൻ' എന്നു പ്രതികരിച്ചതുകൊണ്ട് അതിൽ പറയുന്ന കാര്യം സംഭവിക്കുമെന്ന് ബൈബിൾ പറയുന്നില്ല.
നമ്മുടെ വിശ്വാസം ഒരു വാക്കിലോ പ്രതികരണത്തിലോ അല്ല, ദൈവത്തിലും അവന്റെ വചനത്തിലുമാണ്.ദൈവത്തിന്റെ കൃപ വിലകൊടുത്തു വാങ്ങാവുന്ന ഒന്നല്ല.
🔹മാനസാന്തരമാണ് എല്ലാ മനുഷ്യർക്കും നൽകാവുന്ന സന്ദേശം
'ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടണമെന്ന്' (2 പത്രോ. 3:9) ദൈവം ഇച്ഛിക്കുന്നതിനാൽ പാപങ്ങളിൽ അനുതപിച്ച് ദൈവത്തിങ്കലേക്ക് വരിക എന്ന സന്ദേശം ഏതു മാധ്യമങ്ങളിലൂടെയും ആർക്കും നൽകാം. പക്ഷേ, അനുഗ്രഹത്തിൻ്റെ മൊത്തക്കച്ചവടക്കാർക്ക് മാനസാന്തരം എന്ന വിഷയത്തോട് വലിയ പ്രതിപത്തിയില്ല.
ഇവിടെ എത്രയധികം അനുഗ്രഹം ലഭിച്ചാലും നിത്യജീവൻ നഷ്ടമാക്കിയാൽ അതിനെക്കാൾ വലിയ നഷ്ടമൊന്നുമില്ല എന്ന് പഠിപ്പിക്കേണ്ടവർ ഭൗതീക നന്മയുടെ മോഹം വളർത്താൻ ക്രിസ്തീയ വിശ്വാസത്തെ ഉപയോഗിക്കുന്നുവെന്നത് അത്യന്തം ദുഃഖകരമാണ്.
പ്രിയമുള്ളവരേ,
നിത്യത എന്ന പ്രധാന ലക്ഷ്യത്തിൽ നിന്നു വ്യതിചലിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങളെയല്ല, വചന പ്രകാരം ജീവിക്കുന്നവർക്ക് ഇഹലോകത്തിൽ നൽകുന്ന ദൈവീക അനുഗ്രഹങ്ങളെ സ്വീകരിച്ച് നിത്യതയ്ക്കു വേണ്ടി വിശുദ്ധിയോടെ ജീവിക്കാം. വചനവിരുദ്ധമായ പൈശാചിക തന്ത്രങ്ങളെ തിരിച്ചറിയാം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.



Comments