കൂടെ നടക്കുന്നവരും മാറി നടക്കുന്നവരും

കൂടെ നടക്കുന്നവരും
മാറി നടക്കുന്നവരും
"...പത്രൊസും അകലം വിട്ടു പിൻചെന്നു." ( ലൂക്കൊ.22:54).
രണ്ട് സുഹൃത്തുക്കൾ ഒരു കാട്ടുവഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു കരടി നേരെ വരുന്നതു അവർ കണ്ടു. ഒരാൾ ഓടി അടുത്തുള്ള മരത്തിൽ കയറി. എന്നാൽ മരത്തിൽ കയറാൻ അറിയാത്ത മറ്റേയാൾ നിലത്തുവീണ് ശ്വാസം അടക്കിപ്പിടിച്ച് മരിച്ചതുപോലെ കിടന്നു...
കരടി അയാളുടെ അടുത്തെത്തി മണത്തുനോക്കിയശേഷം നടന്നുപോയി.
കരടി പോയിക്കഴിഞ്ഞപ്പോൾ മരത്തിൽ നിന്നിറങ്ങി വന്ന സുഹൃത്ത് ചോദിച്ചു: "കരടി നിന്റെ ചെവിയിൽ എന്താണ് മന്ത്രിച്ചത്...?"
അയാൾ പറഞ്ഞു: "ആപത്തുകാലത്ത് നിന്നെ തനിച്ചാക്കി ഓടിപ്പോകുന്നവനെ ഒരിക്കലും വിശ്വസിക്കരുതെന്നാണ് കരടി പറഞ്ഞത്...!"
ചിലർ കാര്യങ്ങളെല്ലാം അനുകൂലമാകുമ്പോൾ കൂടെ നടക്കുന്നവരും പ്രതിസന്ധി വരുമ്പോൾ മാറിനടക്കുന്നവരുമാണ്. ബൈബിളിലും ഇത്തരം വ്യക്തികളെ കാണാം.
▪️ദൈവത്തോട് കൂടെ നടന്നതിൻ്റെ സന്തോഷസമൃദ്ധി അനുഭവിച്ചവർ പിന്നീട് മാറി നടന്ന ദയനീയ ചിത്രം ആരംഭിക്കുന്നത് ഏദനിലാണ്.
പാപം ജീവിതത്തിൽ സംഭവിച്ചപ്പോൾ ലജ്ജിതരായവർ ദൈവസാന്നിദ്ധ്യത്തിൽ നിന്ന് രക്ഷപ്പെടാൻ മരങ്ങൾക്കിടയിൽ ഒളിച്ചു (ഉല്പത്തി 3:8-10). കൂടെ നടന്നവർ മാറി നടക്കാൻ ആദ്യകാരണം പാപ മായിരുന്നു.
▪️കുടുംബ ജീവിതം നയിച്ചു കൊണ്ട് ദൈവത്തോട് കൂടെ നടന്ന ഹാനോക്ക്, വിശുദ്ധനാകണമെങ്കിൽ വിവാഹജീവിതം പരിത്യജിക്കണമെന്ന ഉപദേശക്കാർക്ക് എന്നുമൊരു ചോദ്യചിഹ്നമാണ് (ഉല്പ. 5:24).
▪️ കൂടെ നടന്നിട്ട് മാറി നടന്ന മറ്റൊരു വ്യക്തി
പത്രോസ് ആണ് (ലൂക്കൊ. 22:54) യേശുവിനെ അറസ്റ്റുചെയ്തപ്പോൾ ധൈര്യമെല്ലാം ചോർന്ന് പോയവൻ ഉപേക്ഷിക്കാൻ മനസ്സില്ലാതെയും ചേർന്നുനിൽക്കാൻ ധൈര്യമില്ലാതെയും മാറി നടന്നു. ഇവിടെ ഭയ മാണ് കൂടെ നടക്കാൻ തടസ്സമായത്.
▪️ കൂടെ നടന്നിട്ട് മാറാത്ത വ്യക്തിയാണ് യോഹന്നാൻ. യേശുവിനെ ആദ്യമായി അനുഗമിച്ച യോഹന്നാൻ സ്നാപകൻ്റെ ശിഷ്യന്മാരിൽ അന്ത്രയോസിനോടൊപ്പം ഉണ്ടായിരുന്നത് യോഹന്നാനായിരുന്നു എന്നാണ് പണ്ഡിതമതം. അങ്ങനെയെങ്കിൽ യേശുവിൻ്റെ ശുശ്രൂഷയുടെ തുടക്കം മുതൽ ഒടുക്കം വരെ നിന്ന ഏക ശിഷ്യൻ യോഹന്നാൻ മാത്രമാണ്. (യോഹ. 19:26-27).
യേശു സ്നേഹിച്ച ശിഷ്യനും യേശുവിനെ സ്നേഹിച്ച ശിഷ്യനും എന്നല്ലാതെ പ്രത്യേക ശ്രേഷ്ഠതകളൊന്നും ഒരു പക്ഷേ യോഹന്നാനിൽ അന്ന് കാണാൻ കഴിയില്ല.
▪️മറ്റുള്ളവരുടെ ദൃഷ്ടിയിൽ കൂടെ നടക്കുന്നുണ്ടെന്ന് തോന്നിയാലും ഹൃദയം കൊണ്ട് മാറി നടന്നവനാണ് ഇസ്കര്യോത്താ യൂദാ.
നല്ല കാര്യമൊന്നും പറയാൻ നാവു പൊങ്ങാത്തവൻ വിമർശനത്തിനു വിദഗ്ദനുമായിരുന്നു.
ആത്മീയം അഭിനയിച്ചവൻ അവസാനം ഗുരുവിനെ ഒറ്റിക്കൊടുത്തു (മത്താ. 26:14-16). അവൻ മാറി നടക്കാനുള്ള കാരണം ദ്രവ്യാഗ്രഹ മായിരുന്നു
നമ്മൾ ദൈവത്തോട് ചേർന്ന് നടക്കുകയാണോ, അതോ മാറി നടക്കുകയാണോ?
ദൈവത്തോടൊപ്പം കുറച്ചു ദൂരം നടക്കുന്നതിലല്ല ജീവിതകാലം മുഴുവൻ ചേർന്നുനടക്കുന്നതിലാണ് കാര്യം.
ദൈവത്തോടൊപ്പം നടക്കുന്നതാണ് വിശ്വാസജീവിതത്തിന്റെ സൗന്ദര്യം; ദൈവത്തിൽനിന്ന് മാറിനടക്കുന്നതാണ് അതിന്റെ ദുരന്തം.
ദൈവത്തോട് ചേർന്നു നടക്കാൻ ഏറ്റവും കഴിവുള്ളവനാകണമെന്നില്ല, അവിവാഹിതനാകണമെന്നുമില്ല. പക്ഷേ, പാപവും ഭയവും ദ്രവ്യാഗ്രഹവും ചേർന്നു നടക്കാൻ എന്നും തടസ്സങ്ങളാണ്. ഒരു പക്ഷേ, ആത്മീയ ലോകത്ത് ഇന്നും നിത്യത നഷ്ടപ്പെടുത്തുന്ന ദ്രവ്യാഗ്രഹത്തെ ലാഘവബുദ്ധിയോടെ കാണുന്നു എന്നത് ദുഃഖകരമാണ്.
പ്രിയമുള്ളവരേ,
നമുക്ക് കർത്താവിനോട് ഹൃദയംഗമായി ചേർന്നു നടക്കാം. തിരുഹിതമനുസരിച്ച് ചുവടുകൾ വെയ്ക്കാം.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ



Comments