top of page

തോൽക്കാതിരുന്നിട്ടും തോറ്റു പോയവർ...

Jul 5
2 min read

തോൽക്കാതിരുന്നിട്ടും തോറ്റു പോയവർ...


കാൽപന്തുകളിയുടെ അടങ്ങാത്ത ആവേശത്തിലാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ... അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫയുടെ 2026 ലോകകപ്പിൽ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആക്രമണ പ്രത്യാക്രമണങ്ങളുടെ ചടുലതയും മാസ്മരികതയും ആവേശവും നിറഞ്ഞുനിൽക്കുന്ന മത്സരങ്ങളിൽ പലരുടെയും പ്രീതിപാത്രങ്ങളായ കളിക്കാരും ടീമുകളുമുണ്ട്. 12 ഗ്രൂപ്പുകളിൽ 4 ടീമുകൾ വീതമാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും കൂടാതെ മൂന്നാം സ്ഥാനത്ത് വരുന്ന ആദ്യ 8 പേരുമാണ് നോക്കൗട്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടുന്നത്. ഇതിൽ ഉൾപ്പെടുന്ന രണ്ട് ടീമുകൾ ആണ് ഇന്നത്തെ ചിന്തയ്ക്ക് ആധാരം. ഒറ്റ മത്സരം പോലും ജയിക്കാതെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയ കേപ് വെർദെയും ഒറ്റ മത്സരം പോലും തോൽക്കാതിരുന്നിട്ടും പുറത്തായ ഇറാനും....

ലോകകപ്പ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനെ സമനിലയിൽ തളച്ചിട്ടപ്പോൾ തന്നെ കേപ് വെർദെ 'വെറുതെ' വന്ന ടീമല്ലെന്നുള്ള വർത്തമാനങ്ങൾ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു. ഗ്രൂപ്പിലെ മറ്റു ടീമുകളുമായി സമനില പിടിക്കുകയും, സ്പെയിൻ ഗ്രൂപ്പിലെ മറ്റു ടീമുകളെയെല്ലാം തോൽപ്പിക്കുകയും ചെയ്തതുകൊണ്ട് രണ്ടാം സ്ഥാനക്കാരായി കേപ് വെർദെ നോക്കൗട്ട് റൗണ്ടിൽ എത്തി. എന്നാൽ ഇറാനാകട്ടെ ഗ്രൂപ്പിലെ എല്ലാ ടീമുമായും സമനില പിടിച്ചെങ്കിലും ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി. ആദ്യ എട്ട് മൂന്നാം സ്ഥാനക്കാരാകാനുള്ള അവരുടെ കാത്തിരിപ്പിന് അൾജീറിയ - ആസ്ട്രിയ സമനിലക്കുരുക്ക് അന്ത്യം കുറിച്ചു....

ജയിക്കാതിരുന്നിട്ടും ജയിച്ച കേപ് വെർദെയെയും തോൽക്കാതിരുന്നിട്ടും തോറ്റ ഇറാനെയും കാണുമ്പോൾ ബൈബിളിലെ രണ്ട് കഥാപാത്രങ്ങൾ ഓർമ്മയിലെത്തുന്നു...


ന്യായപ്രമാണത്തെ ചെറുപ്പം മുതൽ പ്രമാണിച്ചു പോരുന്നു എന്ന അഹന്തയോടെ യേശുവിൻ്റെയടുക്കൽ വന്ന ധനികനായ ചെറുപ്പക്കാരനും, ജീവിതത്തിൽ ചെയ്ത ഒരു നന്മയും എടുത്തു പറയാൻ ഇല്ലാത്ത കള്ളനും....


1. ധനികനായ യുവാവ്

( മത്താ. 19:16-22, മർക്കൊ. 10:17-22, ലൂക്കൊ. 18:18-23)

🔹 ശരിയായ മനോഭാവത്തോടെ വന്നു: ഓടി വന്നു, യേശുവിൻ്റെ മുമ്പിൽ മുട്ടുകുത്തി, 'നല്ല ഗുരോ' എന്ന് യേശുവിനെ അഭിസംബോധന ചെയ്തു.

🔹 ശരിയായ ചോദ്യം ചോദിച്ചു: സൗഖ്യവും വിടുതലും ഒന്നുമല്ലായിരുന്നു അവൻ്റെ ആവശ്യം. നിത്യജീവൻ അവകാശമാക്കാൻ എന്തു ചെയ്യണമെന്നാണ് അവൻ ചോദിച്ചത്.

🔹 ശരിയായ വ്യക്തിയുടെ അടുക്കൽ വന്നു: മരണാനന്തര ജീവിതത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ആവർത്തിച്ച് മരണത്തെ പുൽകിയ അനേക ഗുരുക്കന്മാർ ലോകത്തിൽ അവതരിച്ചിട്ടുണ്ട്. പക്ഷേ ആധികാരികമായി സ്വർഗ്ഗത്തെക്കുറിച്ച് സംസാരിച്ച, മരണത്തെ ജയിച്ച ഏക വ്യക്തി ക്രിസ്തുവാണ്. ആ ക്രിസ്തുവിൻ്റെ അടുക്കലാണ് അവൻ വന്നത്.

🔹 ശരിയായ ജീവിതരീതി: ചെറുപ്രായം മുതൽ ന്യായപ്രമാണത്തെ അണുവിട തെറ്റാതെ അനുസരിച്ചവനായിരുന്നു ഈ ചെറുപ്പക്കാരൻ.


പക്ഷേ.....

മേൽപ്പറഞ്ഞതിൽ ഒന്നും പരാജയപ്പെടാത്ത അവൻ ദൈവപുത്രൻ്റെ വചനത്തിങ്കൽ വിഷാദിച്ചു പൊയ്ക്കളഞ്ഞു...!

ഇതിലും വലിയ പരാജയം വേറെ എന്താണ്...? ലോകത്തിൽ എന്തെല്ലാം നന്മയും പേരും പ്രശസ്‌തിയും ഉണ്ടായാലും ദൈവവാക്കുകൾ അനുസരിക്കാൻ കഴിയാത്തത് എത്ര വലിയ അധ:പതനമാണ്...?

ഈ ധനികനായ ചെറുപ്പക്കാരന് പകരമായാണ് മറ്റൊരു ധനികനായ, 'ന്യായപ്രമാണത്തിൽ അനിന്ദ്യനായ' ചെറുപ്പക്കാരനെ - പൗലോസിനെ ക്രിസ്തു വേർതിരിച്ച് ശിഷ്യനാക്കിയത് എന്ന് വേദപഠിതാക്കളിൽ പലരും കരുതുന്നു.


2. ക്രൂശിലെ കള്ളൻ

(മത്താ 27:38 -44, മർ.15:27-32, ലൂക്കൊ 23:32-43)

▪️ഓർത്തു വെയ്ക്കാൻ നല്ലൊരു പ്രവൃത്തിയും അവനില്ല...

▪️ തൻ്റെ പ്രവൃത്തികളെക്കുറിച്ച് അഭിമാനമോ, നിത്യജീവൻ പ്രാപിക്കാൻ യോഗ്യതയോ അവന്

പറയാനില്ല....

▪️ നല്ലൊരു പേരില്ല. 'കള്ളൻ', 'ദുഷ്‌പ്രവൃത്തിക്കാരൻ' എന്നൊക്കെയാണ് അവൻ്റെ തന്നെ പ്രവൃത്തികൾ അവന് നൽകിയ പേര്....


പക്ഷേ...

ക്രൂശീകരണത്തിൻ്റെ കഠിന വ്യഥയിലും നടുവിൽ കിടക്കുന്നവൻ്റെ പ്രതികരണങ്ങളും പ്രാർത്ഥനയും അവൻ ശ്രദ്ധിച്ചു. നീരുവന്ന് വീർത്ത, തുപ്പലും ചോരയും നിറഞ്ഞ ആ മുഖത്തേക്ക് അവൻ സൂക്ഷിച്ചു നോക്കി...!

അവിടെയൊരു രാജകല അവൻ ദർശിച്ചു..

ഒറ്റ പ്രാർത്ഥന: "യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തു കൊള്ളേണമേ...."

പ്രാർത്ഥനയ്ക്ക് മറുപടി അപ്പോൾ തന്നെ അവന് ലഭിച്ചു..!

നീ ഇന്നു തന്നെ പറുദീസയിൽ ഇരിക്കും....!!

ഒരിക്കലും ജയിക്കാത്ത ഒരുവൻ ഏറ്റവും വലിയ വിജയിയായി മാറുന്നു...


പ്രിയമുള്ളവരേ,


തങ്ങളുടെ പാരമ്പര്യങ്ങളിലും പള്ളികളിലും പ്രവൃത്തികളിലും ഊറ്റം കൊള്ളുന്നവർ ദൈവവചനത്തെ പിറകിൽ എറിഞ്ഞുകളഞ്ഞപ്പോൾ, യോഗ്യതയൊന്നുമില്ലാതിരുന്നിട്ടും വിശ്വാസത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനുമായ ക്രിസ്‌തുവിലേക്ക് നോക്കിയതുകൊണ്ട്, അവിടുത്തെ ആജ്ഞകൾ അനുസരിച്ചതുകൊണ്ട് നാം നിത്യജീവന് അവകാശികളായി.

ദൈവത്തിൻ്റെ ദയയ്ക്കും തിരഞ്ഞെടുപ്പിനുമായി നന്ദി പറയാം...


ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page