top of page

പൊരിഞ്ഞ പോരാട്ടവും തിരിഞ്ഞു നോട്ടവും

Oct 18
2 min read
Resurrection Day Reflections

പൊരിഞ്ഞ പോരാട്ടവും

തിരിഞ്ഞു നോട്ടവും


"യേശു പറഞ്ഞു: കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിനു യോഗ്യനല്ല" (ലൂക്കൊ. 9:62).


അമേരിക്കൻ എഴുത്തുകാരനായ നെപ്പോളിയൻ ഹില്ലിന്റെ പ്രസിദ്ധമായ ഒരു കഥ ഇങ്ങനെയാണ്…


വർഷങ്ങൾക്കു മുമ്പ്, ഒരു മഹാനായ യോദ്ധാവ് യുദ്ധത്തിൽ വിജയം ഉറപ്പാക്കുന്നതിനായി വളരെ നിർണായകമായ തീരുമാനം എടുത്തു.


തന്റെ സൈന്യത്തെക്കാൾ എണ്ണത്തിൽ വളരെ കൂടുതലുള്ള ശക്തനായ ഒരു ശത്രുവിനെ നേരിടാൻ അദ്ദേഹം ഒരുങ്ങുകയായിരുന്നു...


അദ്ദേഹം തന്റെ സൈനികരെ കപ്പലുകളിൽ കയറ്റി ശത്രുവിന്റെ രാജ്യത്തേക്ക് യാത്ര തിരിച്ചു.


അവിടെ എത്തിയശേഷം സൈനികരോടൊപ്പം ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കരയിലിറക്കി.


എല്ലാവരും കരയിൽ ഇറങ്ങിയതിനു ശേഷം അദ്ദേഹം ശക്തമായ ഒരു കൽപ്പന നൽകി:


“കപ്പലുകൾ കത്തിച്ചുകളയുക...!”


അവരെ ആ തീരത്തേക്ക് എത്തിച്ച കപ്പലുകൾക്ക് തീകൊളുത്തി!

പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയർന്നു...!


തുടർന്ന് അദ്ദേഹം തന്റെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു:


“നിങ്ങളുടെ കൺമുന്നിൽ ആ കപ്പലുകൾ കത്തിയെരിയുന്നത് നിങ്ങൾ കാണുന്നുണ്ടല്ലോ.


അതിന്റെ അർത്ഥം, നമ്മൾ വിജയിച്ചാലല്ലാതെ ഈ തീരത്തുനിന്ന് ജീവനോടെ മടങ്ങിപ്പോകാൻ നമുക്ക് കഴിയില്ല എന്നാണ്!


ഇനി നമുക്കു മുന്നിൽ മറ്റൊരു വഴിയുമില്ല. ഒന്നുകിൽ വിജയിക്കുക, അല്ലെങ്കിൽ മരിക്കുക!”


യുദ്ധത്തിന്റെ ഫലം അത്ഭുതകരമായിരുന്നു!


എണ്ണത്തിൽ വളരെ കുറവായിരുന്നിട്ടും ആ സൈന്യം ശത്രുവിനെ പരാജയപ്പെടുത്തി വിജയം കൈവരിച്ചു...!


ഇന്ന് ഇന്ത്യയെന്ന നമ്മുടെ മാതൃരാജ്യവും നേരിടുന്നത് സമാനമായ സാഹചര്യമാണ്. ഭരണഘടനാസ്ഥാപനങ്ങളെ ചൊല്പടിയിൽ നിർത്തി തെരഞ്ഞെടുപ്പുകളെ അനുകൂലമാക്കുക, എന്നിട്ടും സാധിച്ചില്ലെങ്കിൽ ജനപ്രതിനിധികളെ കോടികൾ കൊണ്ടോ ഇഡിയെ കൊണ്ടോ സ്വപക്ഷത്താക്കുക, തുടങ്ങിയ കുതന്ത്രങ്ങളിലൂടെ ജനാധിപത്യ ധ്വംസനം നടത്തുന്നവർക്കെതിരെ പതിവില്ലാത്ത വിധം ജനരോഷമുയരുന്ന കാലഘട്ടം...


എല്ലാം കൈവിട്ടുപോകുമെന്ന ചിന്തയിൽ അന്ത്യ പോരാട്ടത്തിനിറങ്ങിയവർക്ക് ധാർമ്മീക പിന്തുണയും പ്രാർത്ഥനാ പിന്തുണയും നൽകേണ്ട ആത്മീയർ സ്വന്തം സിംഹാസനത്തിനായി എന്തും ചെയ്യുന്ന നിലയിൽ നിൽക്കുന്നത് ദുഃഖകരമാണ്...


തന്റെ ഇഹലോക ശുശ്രൂഷയിൽ യേശുവിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന് സുവിശേഷീകരണത്തിനായി വേലക്കാരെ കണ്ടെത്തുക എന്നതായിരുന്നു. അതിനായി ഒട്ടേറെപ്പേരെ യേശു വിളിക്കുന്നുണ്ട്...


യേശുവിനെ അനുഗമിക്കുവാൻ സ്വയസന്നദ്ധരായി എത്തുന്ന രണ്ട് വ്യക്തികളെയും യേശു ക്ഷണിക്കുന്ന ഒരു വ്യക്തിയെയുമാണ് ഇന്നത്തെ വചനഭാഗം വെളിപ്പെടുത്തുന്നത്.


ഇവിടെ മൂന്നാമത്തെ വ്യക്തി ഒന്നു വീടുവരെ പോയി എല്ലാവരോടും യാത്ര പറഞ്ഞിട്ടു വരാം എന്ന ന്യായമായ കാര്യം മാത്രമാണ് പറയുന്നത്. അതുപോലും സ്വീകാര്യമല്ല എന്ന് യേശു പറയാൻ കാരണമെന്തായിരിക്കും?


ഗലീലിക്കടലിനോട് ചേർന്നുകിടന്നിരുന്ന പാലസ്തീനിലെ കൃഷിഭൂമികളിലെ മണ്ണ് വളരെ കടുപ്പമുള്ളതായിരുന്നു. കൃഷിക്ക് മുമ്പായി നിലമുഴുതു ആ മണ്ണ് പൊട്ടിക്കുക എന്നത് വളരെ ക്ലേശം നിറഞ്ഞ ഒരു ജോലിയാണ്. കഠിനവും ഒട്ടേറെ സമയമെടുക്കുന്നതുമായ ആ ജോലി ചെയ്യാൻ അധികമൊന്നും ആളുകൾക്ക് സാധിക്കുമായിരുന്നില്ല. ലക്ഷ്യത്തിൽ മാത്രം കണ്ണുനട്ട് അശ്രാന്തപരിശ്രമത്തിലൂടെ എല്ലാ തടസ്സങ്ങളെയും തോൽപ്പിക്കുന്നവർക്കു മാത്രമേ ആ പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.


കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നവർക്കുള്ളതായിരുന്നില്ല ആ ജോലി; കാരണം, അങ്ങനെ പിന്തിരിഞ്ഞു നോക്കുന്നവർ അവരേറ്റെടുത്ത ജോലിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യുന്നവരാണ്, ഏറ്റെടുത്ത ജോലി ചെയ്യാനുള്ള കഴിവ് തനിക്കുണ്ടോയെന്നു സംശയിക്കുന്നവരാണ്, തുടക്കത്തിലെ ആവേശം കെട്ടടങ്ങുമ്പോൾ ആ ജോലി ഏറ്റതിൽ പാശ്ചാത്തപിക്കുന്നവരാണ്. അങ്ങനെയുള്ളവരെയല്ല യേശുവിന് വേണ്ടത്...


ശിഷ്യനാകാൻ തന്നെത്താൻ ത്യജിച്ച് ക്രൂശെടുത്ത് അനുഗമിക്കണമെന്നും കർത്താവ് പറഞ്ഞത് ഇതിനോടു ചേർന്നുനിൽക്കുന്നു.


ക്രിസ്‌ത്യാനിത്വത്തിൻ്റെ പ്രചുര പ്രചാരം കലപ്പയിൽ കൈവെച്ച് മുന്നോട്ടു മാത്രം പോയ ഇത്തരം ആളുകളിലൂടെയായിരുന്നു.


മിസ്രയീമിൽ നിന്നും യിസ്രായേൽ ജനത്തെ പൂർണ്ണമായി വിമോചിപ്പിച്ചെങ്കിലും അവരുടെ ഉള്ളിൽ നിന്നും മിസ്രയീമിനെ പൂർണ്ണമായി പറിച്ചെറിയാൻ കഴിഞ്ഞില്ലെന്നതിൻ്റെ തെളിവായിരുന്നു കാളക്കുട്ടി...


ഇന്നലെകളിൽ ഉപേക്ഷിച്ചതിനെയോർത്ത് പരിതപിക്കാതെ ചേതം എന്നെണ്ണിയ പൗലോസ് ആണ് സഭയുടെ മുന്നേറ്റത്തിന് ചാലകമായിത്തീർന്നത്.


പ്രിയമുള്ളവരേ,

നാം അഭിമുഖീകരിക്കുന്ന ഈ വെല്ലുവിളികൾക്കു നടുവിൽ പിന്നിലുള്ളതെല്ലാം മറന്ന് ആവോളം ശക്തിയോടെ, പ്രാർത്ഥനയോടെ തിന്മകൾക്കെതിരെ പോരാടാം...


ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page