top of page

പഴിചാരുന്നവരോ..? പരിചാരകരോ...?

Oct 25
2 min read
Resurrection Day Reflections

പഴിചാരുന്നവരോ..? പരിചാരകരോ...?


“ഒരുത്തൻ വല്ല തെറ്റിലും അകപ്പെട്ടുപോയാൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ.” (ഗലാത്യർ 6:1)


ഒരാൾ അബദ്ധവശാൽ വഴിയരികിലെ ഒരു കുഴിയിൽ വീണു. ആളുകൾ ഓടിക്കൂടി...


ഒരാൾ ചോദിച്ചു: “നോക്കി നടക്കേണ്ടേ...?”


മറ്റൊരാൾ പറഞ്ഞു: “ഇവിടെ കുഴിയുണ്ടെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്!”


മൂന്നാമൻ പറഞ്ഞു: “ഇതിന്റെ ഉത്തരവാദി ആരാണെന്ന് അന്വേഷിക്കണം!”


പ്രതിപക്ഷ പാർട്ടിയുടെ ചോട്ടാ നേതാവ് പറഞ്ഞു: "മുഖ്യമന്ത്രി രാജിവയ്ക്കണം...!"


നാലാമൻ മൊബൈലിൽ ചൂടാറാത്ത വാർത്തയുടെ റീൽസ് ചിത്രീകരിക്കാൻ തുടങ്ങി... "ഗുയ്‌സ്..."


അപ്പോഴാണ് ഒരാൾ ചോദിച്ചത്: “നിങ്ങളൊക്കെ കുറ്റം പറയുകയും റീൽസ് എടുക്കുകയും ചെയ്യുന്നുണ്ടല്ലോ. ആരെങ്കിലും ഇയാളെ കുഴിയിൽനിന്ന് പുറത്തെടുക്കുന്നുണ്ടോ...?”


പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി...!


നമ്മുടെ കുടുംബങ്ങളിലും സഭകളിലും സമൂഹത്തിലും ഇതുതന്നെയല്ലേ സംഭവിക്കുന്നത്...?


വീഴ്ചകളിലേക്ക് വിരൽചൂണ്ടാൻ വിദഗ്ദരുണ്ട്; വീണുപോയവനെ വീണ്ടെടുക്കാൻ എത്രപേരുണ്ട്?


കവർച്ചക്കാരുടെ കൈകളിൽ അകപ്പെട്ട് മുറിവേറ്റ് വഴിയിൽ കിടന്ന മനുഷ്യനെ പുരോഹിതനും ലേവ്യനും കണ്ടു. എന്നാൽ അവർ മുഖം തിരിച്ച് വഴി മാറിപ്പോയി. ശമര്യക്കാരനാകട്ടെ, അവനെ കണ്ടപ്പോൾ മനസ്സലിഞ്ഞ് അടുത്തുചെന്നു മുറിവുകൾ വെച്ചുകെട്ടി പരിചരിച്ചു.


പുരോഹിതനും ലേവ്യനും സഹായിച്ചില്ലെങ്കിലും കുറ്റം പറഞ്ഞില്ല എന്നെങ്കിലും ആശ്വസിക്കാം...


ഇന്നും ഒരാൾ ആത്മീയമായി വീണുപോയാൽ, വീഴ്ചയുടെ കഥ വിശകലനം ചെയ്യാൻ പലരുമുണ്ടാകും. എന്നാൽ അയാളെ വീണ്ടെടുക്കാൻ പ്രാർഥിക്കാനും, സ്നേഹത്തോടെ ഉപദേശിക്കാനും, കൈപിടിച്ച് ഉയർത്താനും എത്രപേരുണ്ട്..?


ഒരാൾ അഹങ്കാരത്തോടെ പലതും ചെയ്യുമ്പോൾ പിന്തുണയ്ക്കുന്നവർ, അയാൾ അടിപതറുമ്പോൾ പരാജയത്തിൻ്റെ കാരണങ്ങളെ കണ്ടെത്തി വിമർശിക്കും, ഹാമാൻ്റെ ഭാര്യയും കൂട്ടുകാരും ചെയ്തതുപോലെ...


ബൈബിൾ നമ്മെ പഠിപ്പിക്കുന്നത് കുറ്റപ്പെടുത്തലിന്റെ സംസ്കാരമല്ല, കരുതലിന്റെ സംസ്കാരമാണ്.


പാപിനിയായ സ്ത്രീയോടുള്ള യേശുവിന്റെ സമീപനം എറിയാൻ കല്ലുകളുമായി വന്നവരുടേതിൽ നിന്നും വിഭിന്നമായിരുന്നു. പാപസ്വഭാവത്തോട് പറ്റിച്ചേർന്നിരുന്നവർ പാപത്തെ ഏറ്റവും വെറുക്കുന്നവൻ്റെ അടുക്കലാണ് അവളെ കൊണ്ടുവന്നത് എന്നതാണ് വലിയ വൈരുദ്ധ്യം...


അവളുടെ പാപത്തെ യേശു നിസ്സാരവൽക്കരിച്ചില്ല; എന്നാൽ അവളെ പാപത്തിന്റെ പേരിൽ തള്ളിക്കളഞ്ഞതുമില്ല. കുറ്റപ്പെടുത്താൻ കല്ലുകളുമായി വന്നവരെ അവരവരുടെ പാപങ്ങൾ കുറ്റപ്പെടുത്തിയപ്പോൾ ബലം നഷ്ടപ്പെട്ട കൈകളിൽനിന്ന് കല്ലുകൾ അറിയാതെ താഴെ വീണു. ഒടുവിൽ യേശു അവളോട് അരുളിച്ചെയ്തു: “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോക, ഇനി പാപം ചെയ്യരുത്” (യോഹന്നാൻ 8:11).


കാനാവിലെ കല്യാണവീട്ടിൽ, പറയുന്നത് പോലെ തന്നെ ചെയ്യാൻ സന്നദ്ധരായ പരിചാരകരുണ്ടായിരുന്നു. അതുകൊണ്ട് ലജ്ജകൊണ്ട് കുനിയേണ്ട ശിരസ്സുകൾ അഭിമാനപുരസ്സരം ഉയർന്നു നിന്നു...


എത്രയോ പേർ തെറ്റിദ്ധരിക്കപ്പെട്ടും പരാജയപ്പെട്ടും മാനസികമായി തകർന്നും ജീവിക്കുന്നുണ്ടാകാം. അവരുടെ പരാജയങ്ങൾ ചർച്ചചെയ്യുന്നതിനെക്കാൾ കണ്ണുനീർ തുടയ്ക്കാൻ നമുക്ക് സമയമുണ്ടോ? അവരുടെ തെറ്റുകൾ മറ്റുള്ളവരോട് പറയാൻ നമുക്ക് നാവുണ്ട്. എന്നാൽ അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ നമുക്ക് ഹൃദയമുണ്ടോ?


ഇന്നും ലോകത്തിന് ആവശ്യം കാഴ്ചക്കാരെയല്ല, കരുതലുള്ളവരെയാണ്; വിമർശകരെയല്ല, വീണ്ടെടുപ്പിന്റെ ഉപകരണങ്ങളെയാണ്; പഴിചാരുന്നവരെയല്ല, പരിചരിക്കുന്നവരെയാണ്.


നമ്മുടെ വാക്കുകൾ ഒരാളുടെ മുറിവിൽ മുളകു പുരട്ടുന്നതാകരുത്; മരുന്നുപുരട്ടുന്നതാകണം. നമ്മുടെ സാന്നിധ്യം ഒരാളെ നിരാശയുടെ ആഴങ്ങളിലേക്ക് തള്ളുന്നതാകരുത്; പ്രത്യാശയിലേക്ക് കൈപിടിച്ചുയർത്തുന്നതാകണം.


കാരണം, പഴിചാരാൻ ഒരു നിമിഷം മതി; പരിചരിക്കാൻ നല്ല ഹൃദയവും സമയവും വേണം. കുറ്റപ്പെടുത്താൻ ഒരു നാവ് മതി; വീണ്ടെടുക്കാൻ ക്രിസ്തുവിന്റെ സ്നേഹം നിറഞ്ഞ മനസ്സും കരങ്ങളും വേണം.


പ്രിയമുള്ളവരേ,

വിമർശനങ്ങളെക്കാൾ, വിലകൊടുത്തു സ്നേഹിക്കാൻ സമർപ്പിക്കാം. അത് ദൈവത്തിന് പ്രസാദവും ദൈവനാമത്തിന് മഹത്വവുമാകും.


എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page