ഇവിടെയില്ല...! ഇവിടെയുണ്ട്...!!

ഇവിടെയില്ല...!
ഇവിടെയുണ്ട്...!!
പാലസ്തീനിലെ പാറകളിൽ വെട്ടിയുണ്ടാക്കുന്ന കല്ലറകൾ സാധാരണയായി ആറു മുതൽ ഇരുപത് വരെ മൃതദേഹങ്ങൾ അടക്കാൻ കഴിയുന്നവയായിരുന്നു. ഭിത്തിയോട് ചേർന്ന് തുരന്നെടുത്ത കൊഖീം എന്നറിയപ്പെടുന്ന ഭിത്തിമാടത്തിലോ, അല്ലെങ്കിൽ ആർക്കോ സോളിയ എന്നറിയപ്പെടുന്ന ബെഞ്ചുകളിലോ മൃതദേഹങ്ങൾ കൊണ്ടു വയ്ക്കും. ഒരു വർഷത്തിനു ശേഷം പൂർണ്ണമായി അത് ദ്രവിച്ചു കഴിയുമ്പോൾ അസ്ഥികൾ ഒസ്സുവാരീസ് എന്ന പേടകങ്ങളിൽ നിക്ഷേപിക്കും. അതുകൊണ്ട് തന്നെ ഒരു ധനിക കുടുംബത്തിന് പരമ്പരാഗതമായി ഉപയോഗിക്കാൻ ഒരു കല്ലറ ധാരാളം മതി. എന്നാൽ ഒലിവു മലയുടെ ചെരുവിലെ തോട്ടത്തിലുള്ള ആ കല്ലറയിൽ ഒരേയൊരു ശരീരം മാത്രമേ വച്ചുള്ളൂ. അതാകട്ടെ അപ്രത്യക്ഷമാകുകയും കല്ലറ ഇന്നും തുറന്നു കിടക്കുകയുമാണ്.
'അവൻ ഇവിടെ ഇല്ല!'
സുഗന്ധദ്രവ്യം പൂശാനായി പോയ സഹോദരിമാരാണ് ദൂതന്മാരിൽ നിന്ന് ഈ വാർത്ത ആദ്യമായി കേട്ടത്. കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്നതും അതേ വാക്കാണ്.
ക്രിസ്തുവിൻ്റെ ഉയിർപ്പാണ് മറ്റേതൊരു മതവിശ്വാസത്തെക്കാൾ ക്രിസ്ത്യാനിത്വത്തെ വ്യതിരിക്തമാക്കുന്നതും.
മരണത്തിൻ്റെ മുമ്പിൽ കീഴടങ്ങിയ മഹാരഥൻമാരുടെ മദ്ധ്യേ മരണത്തെ ജയിച്ച ദൈവപുത്രൻ ....!
മനുഷ്യൻ്റെ ഭാവനയും ശാസ്ത്രീയ പരീക്ഷണങ്ങളും കണക്കുകൂട്ടലുകളും എല്ലാ സീമകളെയും ലംഘിച്ച് ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും ഗ്രഹങ്ങളിലേക്കും എത്തിനിൽക്കുമ്പോഴും, അതിനൂതനമായ Al സാങ്കേതികവിദ്യയിലൂടെ ഞൊടിയിടയിൽ അന്വേഷണങ്ങൾക്ക് മറുപടികൾ ലഭിക്കുമ്പോഴും മനുഷ്യൻ തലകുനിച്ച് നിൽക്കുന്നത് മരണമെന്ന മഹാസമസ്യയ്ക്ക് മുമ്പിലാണ്.
മരിച്ച്, ദ്രവിച്ചു പോയവരുടെയിടയിൽ ക്രിസ്തുവിനെ തിരയേണ്ട! അവൻ ഉയിർത്തെഴുന്നേറ്റു എന്ന് ദൂതന്മാർ പ്രഖ്യാപിക്കുന്നതിൻ്റെ അർത്ഥം അവിടുന്ന് കല്ലറയിൽ (മരിച്ചവരുടെയിടയിൽ)ഇല്ല എന്നു മാത്രമാണ്.
അവൻ ഇവിടെയുണ്ട്!!
▪️ യേശുവിൻ്റെ ശരീരം കാണാത്തതിൽ ദുഃഖത്തോടെ നിൽക്കുന്ന മറിയയെ പേർ ചൊല്ലി വിളിച്ച് അവിടുന്ന് തൻ്റെ ഉത്ഥാനത്തിന് ഉറപ്പ് നൽകുന്നു....
▪️പേടിച്ചരണ്ട ശിഷ്യന്മാർ ഇനിയെന്ത് എന്ന ചോദ്യവുമായി നിരാശരായിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ വന്ന് അവർക്ക് സമാധാനം വാഗ്ദത്തം ചെയ്യുന്നു....
▪️ സംഭവിച്ചതിനെ ഓർത്ത് തർക്കിച്ചും വാദിച്ചും എമ്മവുസിലേക്ക് പോയ ശിഷ്യൻമാരോടൊപ്പം ഏഴ് മൈലുകൾ കൂടെ നടന്ന് അവരുടെ സംശയങ്ങൾ ദുരീകരിച്ച് മടക്കി വരുത്തുന്നു....
▪️ പിൻമാറിപ്പോയ ശിഷ്യൻമാർക്ക് വേണ്ടി കടൽക്കരയിൽ കാത്തുനിന്ന് പ്രാതലും വലനിറയെ മീനും നൽകി അവർക്കായുള്ള തൻ്റെ കരുതലിൻ്റെ തെളിവുകൾ നിരത്തുന്നു....
▪️ അഞ്ഞൂറിൽ അധികം പേർക്ക് പ്രത്യക്ഷനായി ആർക്കും നിഷേധിക്കാനാവാത്തവിധം തൻ്റെ ഉയിർപ്പിനെ തെളിയിക്കുകയും അരുമശിഷ്യൻമാരുടെ മുന്നിൽ സ്വർഗാരോഹണം നടത്തുകയും ചെയ്യുന്നു....
പ്രിയമുള്ളവരേ,
ഇന്നും 'ജീവിക്കുന്നു' എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആത്മീയമായി മരിച്ചു കിടക്കുന്നവർ ക്രിസ്‌തു സാന്നിധ്യം അറിയാതെ 'അവൻ ഇല്ല' എന്നു പറയുമ്പോൾ, അല്പമായ ഭാരവും ദുഃഖവും സംശയങ്ങളു മൊക്കെ അലട്ടുമ്പോഴും ആത്മീയമായി ഉണർത്തപ്പെട്ടവർ അവിടുത്തെ സാന്നിധ്യം അനുഭവിക്കും...!
അവർ പറയും'അവൻ ഞങ്ങളോടു കൂടെയുണ്ട്....!!
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.



Comments