ഓട്ടവും......... നോട്ടവും......

ഓട്ടവും.........
നോട്ടവും......
നാൽക്കാലികളായ മൃഗക്കുഞ്ഞുങ്ങൾ വളരെ വേഗത്തിൽ ബാലൻസ് നേടി എഴുന്നേറ്റ് നിൽക്കുമ്പോൾ ഇരുകാലിൽ നിൽക്കാൻ ഒരു ശിശു 10 മുതൽ 12 മാസം വരെ സമയമെടുക്കുന്നു...
അതുപോലെ തന്നെ നാലു ചക്ര വാഹനത്തിന് ബാലൻസ് പ്രശ്‌നമല്ലാതിരിക്കുമ്പോൾ ഇരുചക്ര വാഹനത്തിൽ ബാലൻസ് നേടുന്നതിന് നിരന്തര പ്രയത്‌നം ആവശ്യമാണ്.
ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിൽ ഒന്നാണ് സൈക്കിൾ ഓടിക്കാൻ പഠിക്കുന്നത്. ഇന്നത്തെ കാലത്ത് സൈക്കിളുകൾക്ക് പിന്നിലെ ചക്രങ്ങളുടെ ഇരുവശത്തും ചെറിയ ട്രെയിനിംഗ് വീലുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ അവ സവാരിക്കാരന് സന്തുലിതാവസ്ഥയും ആത്മവിശ്വാസവും നൽകുന്നുണ്ട്.
എന്നാൽ ട്രെയിനിംഗ് വീലുകൾ ഇല്ലാതിരുന്ന കാലത്ത് പിതാവോ, ജ്യേഷ്ഠനോ, സുഹൃത്തോ സൈക്കിളിനോടൊപ്പം ഓടിക്കൊണ്ട്, പഠിക്കുന്ന ആളെ സഹായിക്കുമായിരുന്നു. സവാരിക്കാരൻ സ്വയം ബാലൻസ് കണ്ടെത്തി മുന്നോട്ട് പോകുന്നതുവരെ അവർ ഒപ്പമുണ്ടാകും...
ഇങ്ങനെ കൂടെ ഓടുന്ന ആ വ്യക്തി സാധാരണയായി മൂന്ന് കാര്യങ്ങൾ പറയാറുണ്ട്:
"എപ്പോഴും നോട്ടം ദൂരേക്ക് മുന്നിലുള്ള വഴിയിലായിരിക്കണം…"
…ശ്രദ്ധയും ലക്ഷ്യബോധവും നിലനിർത്താൻ.
"ഇടത്തോട്ടോ വലത്തോട്ടോ അധികം ചായരുത്. നടുവ് നിവർത്തി ഇരിക്കണം..."
…ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ.
"നോക്കൂ, ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്…"
…ആത്മവിശ്വാസവും ധൈര്യവും നൽകാൻ.
ഈ മൂന്ന് തത്വങ്ങളാണ് ഒരാളെ സൈക്കിൾ ഓടിക്കുവാൻ വേഗത്തിൽ സഹായിക്കുന്നത്.
ക്രിസ്തീയ യാത്രയിലും ഈ ഉപദേശങ്ങൾക്ക് പ്രസക്തിയുണ്ട്. എങ്ങനെയും പോകാവുന്ന ലൗകീകയാത്രകളിൽ നിന്ന് വിഭിന്നമായ ഈ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വചനത്തിൽ വ്യക്തമാക്കുന്നു...
1. നോക്കേണ്ടത് നായകനെ മാത്രം..!
സാക്ഷികളുടെ സമൂഹം ചുറ്റിലുമുണ്ടെങ്കിലും വിശ്വാസത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ തന്നെ നോക്കുവാൻ എബ്രായലേഖകൻ നിഷ്കർഷിക്കുന്നതിൻ്റെ കാരണം (എബ്രാ.12:2) ഇതുവരെ പറഞ്ഞു വന്നവരിലെല്ലാം ന്യൂനതകൾ പലതും ഉള്ളതിനാലാണ്. സൈക്കിൾ ചവിട്ടാൻ പഠിക്കുന്ന വ്യക്തി ചുറ്റുപാടുകളിലേക്ക് ശ്രദ്ധിച്ചാൽ നേർവഴി വിട്ട് മറിഞ്ഞു വീഴാൻ സാധ്യതയേറെയുണ്ടെന്നതുപോലെ വിശ്വാസത്തിൽ നിന്നും വീണുപോയവർ കുറ്റം പറയുന്നത് കഷ്ടതകളെയും വ്യക്തികളെയും സംഘടനകളെയുമൊക്കെയാണ്. അവർ വിശ്വാസ നായകനെയാണ് നോക്കിയിരുന്നതെങ്കിൽ വീണു പോകില്ലായിരുന്നു... നോട്ടം തെറ്റിയ പത്രോസ് മുങ്ങിപ്പോയ ചരിത്രം ആവർത്തിച്ചു കേട്ടിട്ടും പതറിപ്പോകുന്ന നോട്ടങ്ങൾ ഇന്നും കോട്ടങ്ങൾക്ക് കാരണമാകുന്നുണ്ട്.
2. ഇടത്തോട്ടോ വലത്തോട്ടോ ചായരുത്...!!
യാത്ര തുടരുന്ന യിസ്രായേൽ ജനത്തോട് മോശെയ്ക്ക് ആവർത്തിച്ച് ഓർമ്മിപ്പിക്കാനുള്ളതും 'ദൈവകല്പനയിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്' എന്ന് തന്നെയാണ് (ആവ. 5:32). 'ഉപദേശത്തിൻ്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലരുതെന്ന്' പൗലോസ് ശ്ലീഹ പുതിയനിയമ സഭയ്ക്കും മുന്നറിയിപ്പ് നൽകുന്നു (എഫെ.4:14). നവീന ഉപദേശങ്ങളിൽ ചാഞ്ഞ് പോകുന്നവരും ദുരുപദേശങ്ങൾക്കെതിരെ വചന പ്രകാരം ശക്തമായ പ്രതിരോധക്കോട്ടകൾ തീർക്കാൻ തയ്യാറാകാത്ത നേതൃത്വവും പരാജയമാണെന്ന് പറയാതെ വയ്യ.
3. ഞാൻ കൂടെയുണ്ട്...!!!
'ലോകാവസാനത്തോളം എല്ലാനാളും' കൂടെയുണ്ട് എന്നതിനെക്കാൾ വലിയ ഗ്യാരണ്ടി എവിടെ ലഭിക്കും? ധൈര്യം ചോർന്ന്, ഒത്തിരി ചോദ്യങ്ങളും സംശയങ്ങളും വാക്കുതർക്കങ്ങളിലേക്ക് വഴിതെളിച്ച് എമ്മവൂസിലേക്ക് പോയവരുടെ കൂടെ നടന്നതും, നാളെയെന്തെന്ന ചിന്തയുമായി പത്‌മോസിൽ പരിത്യജിക്കപ്പെട്ട പത്രോസിന് മുമ്പിൽ നാളെയുടെ വെളിപ്പാടുകളുടെ കലവറകൾ തുറന്നു കൊടുക്കാൻ ഇറങ്ങിവന്നതും ആ വാക്കുകളുടെ ഉറപ്പ് വിളിച്ചോതുന്നു...
ശ്രദ്ധിക്കൂ..!
🚦സൈക്കിൾ പഠിക്കുന്നവൻ ബാലൻസ് ലഭിക്കുന്നതുവരെ മുന്നിലെ ലക്ഷ്യത്തിലേക്ക് നോക്കിയാൽ മതി. പക്ഷേ ആത്മീയ യാത്ര അവസാനിക്കുന്നതുവരെ വിശ്വാസ നായകനെ തന്നെ നോക്കിയില്ലെങ്കിൽ വീഴചകൾ സംഭവിക്കാം.
ഇന്നത്തെ പല വിശ്വാസികളും ബാലൻസ് നേടിയ സൈക്കിൾ സവാരിക്കാരനെപ്പോലെ പല കാഴ്ചകളിലും കണ്ണുടക്കി പ്രയാണം ചെയ്യുന്നവരാണ്. പത്രോസിനെപ്പോലെ കാറ്റും കോളും നിറഞ്ഞ കഠിന സാഹചര്യങ്ങളിൽ ശ്രദ്ധ നഷ്ടപ്പെടുന്നവരുമുണ്ട്.
🚦 ബാലൻസ് നേടിക്കഴിഞ്ഞ സൈക്കിൾ യാത്രികന് അല്പം ചാഞ്ഞാലും ചരിഞ്ഞാലും വീഴ്ച സംഭവിക്കില്ല. പക്ഷേ, ക്രിസ്തീയ ജീവിതയാത്രയിൽ അല്പം അനുരഞ്ജനം പോലും അപകടം വരുത്തി വെയ്ക്കാം. അതുകൊണ്ടാണ് 'നിൽക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ' (1 കൊരി.10:12) എന്ന ബുദ്ധ്യുപദേശം പൗലോസ് അപ്പൊസ്തലൻ നൽകുന്നത്.
🚦സൈക്കിൾ സവാരിക്കാരന് ബാലൻസ് കരസ്ഥമാക്കുന്നതു വരെയാണ് ഒരു സഹായി വേണ്ടതെങ്കിൽ, കേവലം ബാലൻസ് മാത്രം പോരാ, മറിച്ചിടാനും തകർത്തു കളയാനും സാത്താൻ പോരാടുന്ന ആത്മീയ യാത്രയിൽ 24x7 ആണ് ദൈവസാന്നിധ്യം.
അതുകൊണ്ട് പൗലോസ് പറയുന്നതുപോലെ സകലവും നേടിക്കഴിഞ്ഞു എന്ന അമിതാവേശമല്ല, അന്ത്യം വരെ ലക്ഷ്യത്തിലേക്ക് ആഞ്ഞോടുവാനുള്ള ആത്മാർത്ഥതയാണ് ആവശ്യം.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.




Comments