നവ്യമായി................ നന്മയായി................

നവ്യമായി................
നന്മയായി................
"ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും"(യെശ.43:19).
യാത്ര ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തി പഴയ വഴിയുടെ തുടർച്ചയായിട്ടാണ് സഞ്ചരിക്കുന്നത്. വഴി അവസാനിച്ചാൽ ലക്ഷ്യത്തിലെത്താൻ പുതിയ വഴി കണ്ടെത്തേണ്ടി വരുന്നു....
വഴി അവസാനിച്ചു, ഇനി ഒരു വിമോചനമില്ല എന്ന് ചിന്തിച്ചവരോടുള്ള ദൈവീക സന്ദേശമാണ് ഇന്നത്തെ വാക്യം.
ബാബിലോണിലെ അടിമനുകത്തിൽ കഴുത്തു കുടുങ്ങിപ്പോയവരുടെ നെടുവീർപ്പിൻ്റെയും നിലവിളിയുടെയും കൂടെ എപ്പോഴോ അനുതാപവും അലിഞ്ഞു ചേർന്നു...
അപ്പോഴാണ് എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്ത് പുതിയ വഴി തുറക്കാൻ കരുണാസമ്പന്നനായ ദൈവം തീരുമാനിച്ചത്.
ഇന്നലെകളിലെ ദൈവ പ്രവൃത്തി ഓർമ്മിപ്പിച്ചു കൊണ്ടാണ് ഇനിയും താൻ തൻ്റെ ജനത്തിനായി പ്രവർത്തിക്കാൻ പോകുന്നുവെന്ന് ദൈവം പ്രഖ്യാപിക്കുന്നത്.
മിസ്രയീമിലെ ഗോശനിൽ നിന്നും നെഞ്ചു തകർന്ന നിലവിളികൾ സ്വർഗ്ഗത്തിലേക്ക് ഉയർന്നപ്പോഴായിരുന്നു ദൈവം ഹോരേബിൽ ഇറങ്ങി വന്നത്.
അവിടെ ആട്ടിടയനായ ഒരുവൻ...
സ്വന്തം കഴിവുകേടുകൾ മാത്രം കണ്ട ഒരുവൻ...
ആറു നൂറായിരത്തെ നയിക്കാൻ നിയോഗിതനായി...
പുത്രന്മാർ കൊല ചെയ്യപ്പെടുന്നത് കണ്ട്, വംശീയ നാശം അടുത്തെത്തിയത് തിരിച്ചറിഞ്ഞ്, അലമുറയിട്ടവരുടെ മുന്നിൽ പുതിയൊരു വഴി തുറന്നു.....
കൊള്ളയായിപ്പോകുമെന്ന് അവർ ഭയപ്പെട്ട തലമുറകൾ വാഗ്ദത്ത ദേശം കൈവശമാക്കി...!
ഇപ്പോൾ ബാബിലോണിലായിരിക്കുന്ന ജനത്തോടും ദൈവം പറയുന്നു...
ഞാൻ പുതിയൊരു വഴി തുറക്കും....
ഈ അടിമ നാട്ടിൽ നിങ്ങൾ അലിഞ്ഞു തീരില്ല...!
കോരെശ് എന്ന ജാതീയ രാജാവ് മടങ്ങിപ്പോക്കിനുള്ള മഹാ വിളംബരം പുറപ്പെടുവിക്കും.
തൻ്റെ ജനത്തിൻ്റെ മടക്കയാത്രയ്ക്കായി മരുഭൂമിയിൽ ദൈവം പുതിയ വഴികൾ ഒരുക്കി. നിർജ്ജന പ്രദേശത്ത് നീരൊഴുക്കുകൾ നൽകി.
പ്രിയമുള്ളവരേ,
പലതും അവസാനിച്ചു എന്ന് തോന്നുന്നിടത്ത്....
സകലവും അസാദ്ധ്യമെന്ന് കരുതുന്നിടത്ത്....
...ഇപ്പോഴും നവ പാതകളൊരുക്കാൻ
...നന്മകൾ നൽകിത്തരാൻ അവിടുന്ന് ശക്തനാണ്!
എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.



Comments