top of page

പാതയും പരിധിയും

Aug 9
2 min read

പാതയും പരിധിയും

(യോഹ. 3:1-21)


ഒരിക്കൽ ഒരു വ്യവസായി തന്റെ പഴയ ബംഗ്ലാവും അതിനോടു ചേർന്നുള്ള സ്ഥലവും വിൽക്കാൻ തീരുമാനിച്ചു.


എന്നാൽ ആ വലിയ കെട്ടിടം മാസങ്ങളായി ആളൊഴിഞ്ഞുകിടക്കുകയായിരുന്നതിനാൽ വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

നിരവധി അറ്റകുറ്റപ്പണികളും ആവശ്യമായിരുന്നു...


ഒരു ധനാഢ്യൻ അത് വാങ്ങുവാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ ആ വ്യവസായി താൻ എന്തെല്ലാം അറ്റകുറ്റപ്പണികൾ ചെയ്ത് നൽകാം എന്ന് വിശദീകരിച്ചു...


എന്നാൽ വാങ്ങാൻ വന്നയാൾക്ക് മറ്റൊരു പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്.


“ഇതൊന്നും ഓർത്ത് വിഷമിക്കേണ്ട. ഞാൻ ഈ സ്ഥലം വാങ്ങുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ നിർമ്മിക്കാൻ പോകുന്നത്.


എനിക്ക് കെട്ടിടത്തിൽ മാത്രം താൽപര്യമില്ല...

... എനിക്ക് ഈ മുഴുവൻ സ്ഥലമാണ് വേണ്ടത്!”


നമ്മുടെ ജീവിതമാകുന്ന സ്വത്ത് ദൈവത്തിന് കൈമാറാൻ ശ്രമിക്കുമ്പോഴും ഇതുപോലെയുള്ള ഒരു കാര്യം സംഭവിക്കുന്നു.

നമ്മുടെ കൊച്ചു കൊച്ചു കുറവുകൾ നാം പരിഹരിക്കാൻ ശ്രമിക്കുന്നതിനെക്കാൾ സമ്പൂർണ്ണമായ ഒരു പരിവർത്തനത്തിനായി കർത്താവിനെ ഭരമേൽപ്പിക്കുക എന്നതാണാവശ്യം...


ഇന്നത്തെ വേദഭാഗത്തിൽ നിക്കൊദേമൊസ് എന്ന ശ്രേഷ്ഠനായ വ്യക്തിയാണ് യേശുവിൻ്റെ അടുക്കൽ വരുന്നത്.

നിക്കോദേമൊസ്

▪️ ആത്മീയനാണ് (പരീശൻ).

▪️ വിദ്യാസമ്പന്നനാണ് (യവനായ നാമധേയം).

▪️ സ്വാധീനമുള്ളവനാണ് (പ്രമാണി).

യേശുവിൻ്റെ അടുക്കൽ...

യേശുവുമായുള്ള സംഭാഷണത്തിൽ ദൈവരാജ്യ പ്രവേശമാണ് തൻ്റെ ലക്ഷ്യം എന്ന് മനസ്സിലാക്കാം.

അവൻ...

...യേശു ദൈവത്തിൽ നിന്നുള്ള ഉപദേഷ്ടാവ് എന്ന് വിശ്വസിച്ചു.

...തെളിവായി യേശു ചെയ്ത അടയാളങ്ങളെ അവൻ അംഗീകരിക്കുന്നു.

യേശുവിൻ്റെ മറുപടി

ദൈവരാജ്യ പ്രവേശനത്തിന്...

▪️യഹൂദ കുടുംബത്തിൽ ജനിച്ചാൽ പോരാ..!

യഹൂദന്മാരെ പഠിപ്പിച്ചു വെച്ചിരുന്നത് അബ്രഹാമിൻ്റെ സന്തതിയായാൽ സ്വർഗ്ഗം ഉറപ്പ് എന്നായിരുന്നു. തൻ്റെ പിൻഗാമികൾ എങ്ങാനും അബദ്ധത്തിൽ നരകത്തിൽ പെട്ടുപോയോ എന്നറിയാൻ അബ്രഹാം നരകവാതിൽക്കൽ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് അവരുടെ കഥകൾ.

▪️ ഒരു ധാർമ്മീകമായ, മതപരമായ നവീകരണം പോരാ..!

നവീകരണാനുഭവം സ്വർഗ്ഗത്തിലേക്കുള്ള വാതിൽ തുറക്കുമെന്നാണ് യഹൂദൻ കരുതിയിരുന്നത്. പരീശൻ്റെ പ്രധാന ലക്ഷ്യം ആത്മീയ നവീകരണമായിരുന്നു.

▪️ ഒരു വിജാതീയനോടാണ് യേശു വീണ്ടും ജനിക്കണം എന്ന് കർശനമായി പറഞ്ഞതെങ്കിൽ നിക്കൊദേമൊസിന് ഒരു പക്ഷേ, അംഗീകരിക്കാൻ എളുപ്പമായിരുന്നു...


വീണ്ടും ജനനം നിർബ്ബന്ധമാണ്

ഒരു രാജ്യം 'ആ രാജ്യത്ത് ജനിച്ചവർക്ക് മാത്രമേ അവിടെ ജീവിക്കാനാവൂ' എന്നൊരു നിയമം പാസ്സാക്കിയെന്നു ചിന്തിക്കുക.

അങ്ങനെയെങ്കിൽ...

...ആ രാജ്യത്തെ സുപരിചിതമായ ഒരു പേര് സ്വീകരിച്ചതു കൊണ്ടോ,

...അവിടത്തെ ഭാഷ പഠിച്ചതുകൊണ്ടോ,

...അവിടത്തെ സമ്പ്രദായങ്ങൾ പിൻതുടർന്നാലോ,

...ആ രാജ്യത്തെ മതപാരമ്പര്യം അനുസരിച്ച് ജീവിച്ചാലോ,

...ധാരാളം സുഹൃത്തുക്കൾ അവിടെയുണ്ടായാലോ,

...മാതാപിതാക്കൾ അവിടെയുണ്ടായതു കൊണ്ടോ,

...അവിടത്തെ വസ്ത്രധാരണ രീതി അനുകരിച്ചതുകൊണ്ടോ,

ഒന്നും പ്രയോജനമില്ല..!


അതുപോലെ തന്നെ...

സ്വർഗ്ഗരാജ്യ പ്രവേശനം വീണ്ടും ജനനത്താൽ മാത്രമേ സാദ്ധ്യമാകൂ എന്ന് യേശു അസന്നിഗ്ദമായി പ്രഖ്യാപിച്ചെങ്കിൽ...

...ക്രിസ്തീയ പേരുണ്ടായതു കൊണ്ടോ,

...നല്ല ഭാഷ സംസാരിച്ചതുകൊണ്ടോ,

...ദൈവമക്കളുമായി സൗഹൃദം ഉണ്ടായതു കൊണ്ടോ,

...വെള്ള വസ്ത്രം ധരിച്ചതുകൊണ്ടോ,

...മാതാപിതാക്കൾ വിശ്വാസികളായതുകൊണ്ടോ,

യാതൊരു പ്രയോജനവുമില്ല..!!


യേശു ക്രിസ്തു നിക്കൊദേമൊസിനോട് പറഞ്ഞ ഒന്നാമത്തെ കാര്യം രക്ഷയ്ക്കുള്ള മാർഗ്ഗം പാരമ്പര്യമല്ല എന്നതായിരുന്നു.

രണ്ടാമത്തെ കാര്യം ബൈബിളിലെ സുവർണ്ണവാക്യമായ 3:16 -ൽ രേഖപ്പെടുത്തിയിരിക്കുന്നു. രക്ഷയുടെ പരിധി യഹൂദനിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, ദൈവം ലോകത്തിലുള്ള സകലജനത്തെയും സ്നേഹിച്ചാണ് ഏകജാതനെ അയച്ചത്.


പ്രിയമുള്ളവരേ,

ദൈവത്തിൻ്റെ സ്വന്തം ജനതയായ യഹൂദനു പോലും വീണ്ടും ജനനം സ്വർഗ്ഗരാജ്യ പ്രവേശനത്തിന് ഒഴിച്ചുകൂടാനാവാത്തതെങ്കിൽ പാരമ്പര്യ ക്രൈസ്‌തവർ എന്ന അവകാശം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ..?

ക്രിസ്‌തുവിൻ്റെ വചനം അനുസരിക്കാം...! അനുഗ്രഹിക്കപ്പെടാം...!!

നിത്യജീവന് അവകാശികളാകാം...!!!

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page