സേവനം... വചനം...

സേവനം...
വചനം...
"കർത്താവു അവളോടു: “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു."(ലൂക്കൊ.10:41).
യേശുവുമായി വളരെ അടുത്ത ബന്ധം നിലനിർത്തിപ്പോന്ന ഒരു സഹോദരനും രണ്ട് സഹോദരിമാരുമുൾപ്പെട്ട ഒരു ഭവനം.
യേശുവിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് മാർത്തയാണ് (ലൂക്കൊ.10:38). ലാസർ യേശുവിന്റെ സ്നേഹിതനായിത്തീർന്നു (യോഹ.11:11).
ലാസറിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ച് ഈ വേദഭാഗങ്ങൾ വിശേഷിച്ചൊന്നും പറയുന്നില്ല. പക്ഷേ, ഒരേ ഭവനത്തിൽ വളർത്തപ്പെട്ട വ്യത്യസ്ത സ്വഭാവങ്ങളുള്ള രണ്ട് സഹോദരിമാരെ നമുക്കിവിടെ ദർശിക്കാം...
മാർത്ത ഊർജ്ജസ്വലതയുടെ ആൾരൂപം...
യേശുവിനെ കാണുവാനും സൗഖ്യം പ്രാപിക്കുവാനും ആളുകൾ തിരക്കുകൂട്ടുമ്പോൾ മാർത്ത മുഖം നിറഞ്ഞ ചിരിയോടെ അവനെ സമീപിക്കുന്നു."കർത്താവേ, എന്റെ വീട്ടിലേക്കൊന്നു വരാമോ?''
വീട്ടിലാർക്കെങ്കിലും വിടുതൽ നേടാനല്ല അവൾ യേശുവിനെ ക്ഷണിച്ചത്. അവനെയൊന്ന് സൽക്കരിക്കാൻ...
വീട്ടിൽ ചെന്നതും അവൾ പറഞ്ഞു: ''ഗുരുവേ, അൽപ്പ സമയമൊന്ന് വിശ്രമിക്ക്. ഞാനിതാ വരുന്നു..."
പിന്നെ ആകെയൊരു ബഹളമാണ്. പാത്രങ്ങൾ കലപില കൂട്ടുന്നു, അരയ്ക്കുന്നു, പൊടിക്കുന്നു, വെള്ളം കോരുന്നു, തിളയ്ക്കുന്ന കറികളുടെ ഗന്ധം വീടു മുഴുവൻ വ്യാപിക്കുന്നു...
അവളുടെ ആ ഓട്ടത്തിന്റെ ലക്ഷ്യം മുഴുവൻ യേശുവിന് ഏറ്റവും സ്വാദിഷ്ഠമായ ഭക്ഷണം കൊടുക്കണമെന്നതാണ്.
...സൗമ്യ പ്രദീപ്തമായൊരു കഥാപാത്രമാണ് മറിയ! യേശുവിനെ കണ്ടമാത്രയിൽ അവൾ അവന്റെ പാദാന്തികെ ഇരുന്നു കഴിഞ്ഞു. യേശു അവളെ സൂക്ഷിച്ചു നോക്കി. "അങ്ങ് എന്നോട് എന്തെങ്കിലും പറഞ്ഞാട്ടെ. ഞാനിതാ ആ ലാവണ്യവാക്കുകൾ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു'' എന്നാണ് ആ കണ്ണുകൾ നിശ്ശബ്ദമായി പറയുന്നത്. യേശു അവളോട് വചനം പറയാൻ തുടങ്ങി...
ജോലിത്തിരക്കിനിടയ്ക്ക് സമീപത്തുകൂടെ പോയപ്പോൾ മറിയ ഇരിക്കുന്നത് മാർത്ത കണ്ടു. "ഹൊ! എന്തൊരുത്തരവാദിത്തമില്ലായ്മയാണിവൾക്ക്. ഞാൻ ഒറ്റയ്ക്കിവിടെ കഷ്ടപ്പെടുന്നത് കണ്ടു കൂടെ? എന്നെയൊന്ന് സഹായിച്ചിരുന്നെങ്കിൽ കർത്താവിന് വേഗം ഭക്ഷണം കൊടുക്കാമായിരുന്നു." ഉള്ളിൽ പറഞ്ഞു കൊണ്ട് അമർത്തിച്ചവിട്ടി അവൾ കടന്നു പോയി...
ഇത്തവണ പാത്രങ്ങളുടെ ശബ്ദം ഇത്തിരി കൂടുതലായി...
(സഹോദരിമാർ പലപ്പോഴും ശ്രദ്ധ ക്ഷണിക്കൽ പ്രമേയമവതരിപ്പിക്കുന്നത് അടുക്കളപ്പാത്രങ്ങളിലൂടെയാണല്ലോ.)
പക്ഷേ, മാർത്തയ്ക്ക് തെറ്റി! അടുക്കളപ്പാത്രങ്ങളുടെ ബഹളം കൂടിയതൊന്നും മറിയ അറിയുന്നേയില്ല. (പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടിൽ നടക്കുന്നതൊന്നുമറിയാത്ത ഭർത്താക്കന്മാരെപ്പോലെ.) കാരണം യേശുവിന്റെ ശുഭ വചനങ്ങളുടെ ഏകാഗ്രതയിലാണവൾ.
അവസാനം മാർത്തയ്ക്ക് ക്ഷമകെട്ടു. നേരിട്ട് യേശുവിനോട് കാര്യം അവതരിപ്പിച്ചു. രണ്ട് ലക്ഷ്യം, ഒന്നാമതായി ഗുരു പറഞ്ഞാൽ മറിയ അനുസരിക്കും. നാളെ മുതൽ എല്ലാ വീട്ടുജോലിയിലും അവളുടെ സഹായം കിട്ടും. രണ്ട്, തന്റെ കഷ്ടപ്പാടിനെ യേശു അഭിനന്ദിക്കും.
പക്ഷേ, അവൾ പ്രതീക്ഷിച്ച മറുപടിയല്ല യേശുവിൽ നിന്നുമുണ്ടായത്. മാർത്ത ചെയ്യുന്നതിനെ കുറച്ചു കാണുകയല്ല കർത്താവ്. പക്ഷേ, എല്ലാവരും എന്നെപ്പോലെയാകണം എന്ന് ശഠിക്കുന്നത് ശരിയല്ല എന്നതാണ് യേശുവിന്റെ വീക്ഷണം.
ഞാൻ പ്രാർത്ഥിക്കുന്നതു പോലെ എല്ലാവരും പ്രാർത്ഥിക്കണം...
ഞാൻ കൊടുക്കുന്നതു പോലെ എല്ലാവരും കൊടുക്കണം...
ഞാൻ ഉപവസിക്കുന്നതു പോലെ എല്ലാവരും ഉപവസിക്കണം...
ശരീരത്തിന് പല അവയവങ്ങളാണെന്നേ. വ്യത്യസ്ത പ്രവൃത്തികളും...
അവരവരെ ഏൽപ്പിച്ചത് മറ്റുള്ളവരെ കുറ്റം വിധിക്കാതെയും താരതമ്യപ്പെടുത്താതെയും ചെയ്താട്ടെ...!
യേശുവിന്റെ ദൂത് മാർത്തയ്ക്ക് മനസ്സിലായി. യോഹ. 12:2ൽ പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, മനം കലങ്ങാതെ, കുഴങ്ങാതെ അവൾ ശുശ്രൂഷ ചെയ്യുന്നതായി കാണാം...
ഇനി...
ഇന്നത്തെ രണ്ട് പ്രധാന ദൂതുകൾ....
🔹മാർത്തയേ, നീയെന്താ ചിന്തിച്ചത്? നീ കഷ്ടപ്പെട്ട് കൊടുക്കുന്നവളും നിന്റെ സഹോദരി ചുമ്മാതിരുന്നു സ്വീകരിക്കുന്നവളും. അല്ലേ?
ജീവിതത്തിൽ വളരെ അദ്ധ്വാനിച്ചു സ്വരൂപിച്ച വിലയേറിയ തൈലം യേശുവിന്റെ പാദത്തിൽ അവൾ പൂശിയത് കണ്ടോ? യേശുവിൽ നിന്ന് സ്വീകരിക്കുന്ന ഒരു വ്യക്തി എല്ലാം അവനായി സമർപ്പിക്കുകയും ചെയ്യും. വചനം കേട്ടവർ എറ്റെടുത്തു വെന്നറിയുന്നത് സമ്പൂർണ്ണ സമർപ്പണം വെളിപ്പെടുമ്പോഴാണ്.
🔹 വിടുതലും അത്ഭുതവും കാണാനല്ല യേശുവിനെ ബെഥാന്യയിലെ ഈ ഭവനം കൈക്കൊണ്ടത്, അവനെ സൽക്കരിക്കാനും അവന്റെ വചനം കേൾക്കാനും മാത്രം!
പക്ഷേ...
ഏറ്റവും വലിയ അത്ഭുതമാണ് ആ ഭവനത്തിനായി കർത്താവ് കരുതി വെച്ചിരുന്നത്. മരിച്ച് നാലു നാൾ കല്ലറയിലിരുന്ന് ദ്രവിച്ച, പുഴുവരിച്ച, ചീഞ്ഞുനാറിയ, ശവശരീരത്തിൽ ജീവൻ വ്യാപിച്ചു...!
പ്രിയ ദൈവ പൈതലേ,
അനേകർ സൗഖ്യത്തിനും വിടുതലിനും മാത്രം യേശുവിന്റെയടുക്കൽ വരുമ്പോൾ, വചനം ആർത്തിയോടെ കേൾക്കുന്ന, അവനായി സമർപ്പിക്കുന്ന, ഇല്ലായ്മയിൽ അവനായി നൽകുന്ന നിനക്കായി നാറ്റം വെച്ചതിനെ അവൻ ജീവൻ വെയ്പ്പിക്കും.
വിശ്വസിക്കുക...!
അവനത് ചെയ്യും...!!
എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.


Comments